[ad_1]
ഇന്ത്യയിലേക്കുള്ള ചരക്കുകപ്പല്‍ യെമനിലെ ഹൂതി വിമതർ പിടിച്ചെടുത്തെന്ന് ആരോപിച്ച് ഇസ്രായേല്‍. തെക്കന്‍ ചെങ്കടലില്‍ വെച്ചാണ് കപ്പല്‍ ഹൂതി സൈന്യം പിടിച്ചെടുത്തത് എന്നാണ് ഇസ്രായേലിന്റെ ആരോപണം.
ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ളതും ജപ്പാന് നിയന്ത്രണത്തിലുമുള്ള ചരക്ക് കപ്പലാണ് ഇറാന്റെ സഖ്യകക്ഷികളായ ഹൂതികള്‍ പിടിച്ചെടുത്തതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
” ഇറാന്റെ തീവ്രവാദ പ്രവര്‍ത്തനത്തിന് ഉദാഹരണമാണീ സംഭവം. ആഗോള കപ്പല്‍പ്പാതയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളികളാണ് ഈ സംഭവത്തിലൂടെ വെളിവാകുന്നത്,” എന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
അതേസമയം കപ്പല്‍ പിടിച്ചെടുത്ത കാര്യം സ്ഥീരീകരിച്ച് ഹൂതി വിമതരും രംഗത്തെത്തി. ഇസ്രായേല്‍ കപ്പല്‍ പിടിച്ചെടുത്തുവെന്നാണ് അവര്‍ അവകാശപ്പെട്ടത്. എന്നാല്‍ കപ്പല്‍ തങ്ങളുടേതല്ലെന്ന് ഇസ്രായേൽ പ്രതികരിച്ചു. തെക്കന്‍ ചെങ്കടലില്‍ നിന്ന് പിടിച്ചെടുത്ത കപ്പല്‍ യെമനിലെ തുറമുഖത്തേക്ക് എത്തിച്ചിട്ടുണ്ടെന്നും ഹൂതി സൈന്യം അറിയിച്ചു.
Also read-ഗാസ യുദ്ധത്തിനിടെ യെമനിലെ ഹൂതികൾ ഇസ്രായേലിനെ ആക്രമിക്കുന്നതെന്തിന്? ഹൂതികൾ ഉയർത്തുന്ന ഭീഷണിയെന്ത്?
”ഇസ്ലാമിക തത്വങ്ങളനുസരിച്ചാണ് കപ്പലിലെ ജീവനക്കാരോട് പെരുമാറുന്നത്,” എന്ന്
ഹൂതികളുടെ സൈനിക വക്താവ് അറിയിച്ചു. ഹെലികോപ്ടറിലൂടെ പോരാളികളെ ഇറക്കിയാണ് ഹൂതികള്‍ കപ്പല്‍ തട്ടിയെടുത്തത്.
ബ്രിട്ടീഷ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണിതെന്നും ജപ്പാനിലെ ഒരു കമ്പനിയാണ് കപ്പല്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്നും ഇസ്രായേല്‍ വൃത്തങ്ങള്‍ പറഞ്ഞു. 25ലധികം ജീവനക്കാരാണ് കപ്പലില്‍ ഉള്ളത്. ഉക്രൈന്, ബള്‍ഗേറിയ, ഫിലിപ്പീന്‍സ്, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കപ്പലില്‍ ഉള്ളത്.
അതേസമയം ഇസ്രായേലിന്റെ പതാകയുള്ളതും, ഇസ്രായേല്‍ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതുമായ എല്ലാ കപ്പലുകളെയും തങ്ങള്‍ ലക്ഷ്യമിടുന്നുണ്ടെന്ന് ഹൂതി വൃത്തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. അത്തരം കപ്പലുകളില്‍ ജോലി ചെയ്യുന്ന മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരെ അതത് രാജ്യങ്ങള്‍ പെട്ടെന്ന് തന്നെ തിരികെ വിളിക്കണമെന്നും ഇവര്‍ പറഞ്ഞു.
അതേസമയം ഹെലികോപ്ടറില്‍ നിന്നും പോരാളികളെ ഇറക്കി ഹൂതികള്‍ ഗാലക്സി ലീഡര്‍ എന്ന കപ്പല്‍ പിടിച്ചെടുത്തുവെന്ന് രണ്ട് അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇസ്രായേലിനും ഇസ്രായേല്‍ കപ്പലുകള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ഒരു ഹൂതി നേതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചെങ്കടല്‍, ബാബാ അല്‍ മാന്‍ഡേബ് കടലിടുക്ക് എന്നിവിടങ്ങളിലും ആക്രമണം വര്‍ധിപ്പിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
1990കളില്‍ വടക്കന്‍ യെമനില്‍ ഉയര്‍ന്നുവന്ന സെയ്ദി ഷിയ മുസ്ലീം പ്രസ്ഥാനമാണ് ഹൂതികള്‍. സുന്നി സര്‍ക്കാരിനെ എതിര്‍ക്കുന്ന ഈ സംഘം 2004 മുതല്‍ യെമന്‍ സര്‍ക്കാരിനെതിരെ 6 യുദ്ധങ്ങളാണ് നടത്തിയത്. 2014ല്‍ ഹൂതികള്‍ തലസ്ഥാനമായ സനയുടെ നിയന്ത്രണം പിടിച്ചെടുത്ത് സര്‍ക്കാരിനെ പുറത്താക്കിയിരുന്നു. അന്ന് മുതല്‍ സൗദിയുടെ നേതൃത്വത്തിലുള്ള സുന്നി അറബ് രാജ്യങ്ങളുടെ സഖ്യത്തിനെതിരെ ഇവര്‍ ആഭ്യന്തരയുദ്ധം നടത്തി വരികയാണ്.
[ad_2]
