Real Time Kerala
Kerala Breaking News

മ്യാന്‍മറില്‍ കലാപം രൂക്ഷം: കുക്കി അഭയാർത്ഥികൾ മിസോറമിലേക്ക്‌ പ്രവഹിക്കുന്നു

[ad_1]

ഐസ്വാള്‍: ആഭ്യന്തരകലാപം വീണ്ടും രൂക്ഷമായ മ്യാന്‍മറില്‍നിന്ന്‌ അഭയാര്‍ത്ഥി പ്രവാഹം ശക്‌തമായതോടെ മിസോറമിലെ ഗ്രാമപ്രമുഖരുമായി തിരക്കിട്ട ചര്‍ച്ച നടത്തി അസം റൈഫിള്‍സ്‌. കഴിഞ്ഞ ഏഴിനു നിയമസഭാ തെരഞ്ഞെടുപ്പ്‌ നടന്ന മിസോറം വഴി അയല്‍രാജ്യമായ മ്യാന്‍മറില്‍നിന്ന്‌ ചിന്‍-കുക്കി അഭയാര്‍ഥികളുടെ വന്‍പ്രവാഹമുണ്ടാകുന്നതായാണ്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ കുടുംബവേരുകളുള്ള 32,000 അഭയാര്‍ഥികളെയാണു സമീപവര്‍ഷങ്ങളില്‍ മുഖ്യമന്ത്രി സോറംതാങ്ക മിസോറമിലേക്കു സ്വാഗതം ചെയ്‌തത്‌. പുതിയ സാഹചര്യത്തില്‍, ഗ്രാമപ്രമുഖരുമായും യങ്‌ മിസോ അസോസിയേഷന്‍ നേതാക്കളുമായി കിഴക്കന്‍ മിസോറമിലെ ചംഫായ്‌ ജില്ലയില്‍ അസം റൈഫിള്‍സ്‌ ഉന്നതോദ്യോഗസ്‌ഥര്‍ ചര്‍ച്ച നടത്തി.

മ്യാന്‍മറിലെ പട്ടാളഭരണകൂടവും നാഷണല്‍ യൂണിറ്റി ഗവണ്‍മെന്റിന്റെ സായുധവിഭാഗമായ പീപ്പിള്‍സ്‌ ഡിഫന്‍സ്‌ ഫോഴ്‌സും (പി.ഡി.എഫ്‌) തമ്മില്‍ പോരാട്ടം കനത്തതോടെയാണു നൂറുകണക്കിന്‌ അഭയാര്‍ത്ഥികള്‍ മിസോറം ഗ്രാമങ്ങളിലേക്കു പലായനം ചെയ്യുന്നത്‌. ചംഫായ്‌ ജില്ലയിലെ സോഖാവ്‌താര്‍ ഗ്രാമത്തില്‍ മാത്രം നൂറിലേറെ മ്യാന്‍മര്‍ കുടുംബങ്ങള്‍ തമ്പടിച്ചിട്ടുണ്ട്‌. മ്യാന്‍മറില്‍ പട്ടാള അട്ടിമറി നടന്ന 2021 ഫെബ്രുവരിക്കുശേഷം സ്‌ത്രീകളും കുട്ടികളുമടക്കം ഏകദേശം 32,000 പേരാണു മിസോറമിന്റെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ഥികളായെത്തിയത്‌.

ഇവരില്‍ ആറായിരത്തിലേറെപ്പേര്‍ സോഖാവ്‌താര്‍ ഗ്രാമത്തിലുണ്ട്‌. മിസോറമിലെ ആറുജില്ലകള്‍ മ്യാന്‍മറുമായി 510 കിലോമീറ്ററില്‍ സംരക്ഷണവേലിയില്ലാത്ത അതിര്‍ത്തി പങ്കിടുന്നു. അസം റൈഫിള്‍സിനാണ്‌ അതിര്‍ത്തിരക്ഷാച്ചുമതല. മിസോറമിന്റെ അയല്‍സംസ്‌ഥാനമായ മണിപ്പുരില്‍ കുക്കി-മെയ്‌തെയ്‌ കലാപം രൂക്ഷമാണെന്നതും മ്യാന്‍മറില്‍നിന്നുള്ള കുക്കി അഭയാര്‍ത്ഥി പ്രവാഹത്തെ ആശങ്കാജനകമാക്കുന്നു.



[ad_2]

Post ad 1
You might also like