ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. അലിഗഡ് സ്വദേശി യൂസഫ് (28) ആണ് കൊല്ലപ്പെട്ടത്. യൂസഫിന്‍റെ ഭാര്യ തബാസ്സും (29) കാമുകനായ ഡാനിഷും (27) ചേര്‍ന്നാണ് കൊലപാതകം നടത്തിയത്.
ജൂലായ് 29ന് പതിവ് പോലെ യൂസഫ് ജോലിക്ക് പോയെങ്കിലും വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയില്ല. ദിവസങ്ങളോളം യൂസഫിനെ വീട്ടുകാർ അന്വേഷിച്ചെങ്കിലും ഒരു സൂചനയും ലഭിക്കാത്തതിനെ തുടർന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മാർക്കറ്റില്‍ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു യൂസഫ്. പിന്നീട് നാല് ദിവസങ്ങള്‍ക്ക് ശേഷം ഇഷ്ടിക ചൂളകള്‍ക്ക് സമീപത്ത് നിന്നും കത്തിക്കരിഞ്ഞ നിലയിലാണ് യൂസഫിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.
യൂസഫിന്റെ തിരോധാനത്തെക്കുറിച്ച് തുടക്കത്തില്‍ പൊലീസിന് തുമ്ബുകളൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ധോല്‍ന പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇഷ്ടിക ചൂളകയ്ക്കടുത്ത് കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തുന്നത്. പുഴവരിച്ച നിലയില്‍ ആയതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് മൃതദേഹം യൂസഫിന്‍റെതാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
വിശദമായ അന്വേഷണത്തില്‍ യൂസഫിന്‍റെ ഭാര്യയും കാമുകനുമാണ് കുറ്റ കൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് ശേഷം ഇരുവരും ചേര്‍ന്ന് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് യൂസഫിന്റെ വയര്‍ കീറി മുറിച്ചു. തുടര്‍ന്ന് മൃതദേഹത്തില്‍ ആസിഡ് ഒഴിച്ച് തെളിവ് നശിപ്പിക്കുകയും മൃതദേഹം കത്തിക്കുകയും ചെയ്യുകയായിരുന്നു. കേസില്‍ ഭാര്യയെ അറസ്റ്റ് ചെയ്തെന്നും ഭാര്യയുടെ കാമുകനും കുടുംബവും ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി.
