‘ജയ് ശ്രീറാം’ വിളികളുമായി സുവിശേഷ വിരോധികള്‍; ബീഹാറില്‍ മലയാളി പാസ്റ്ററെ ക്രൂരമായി മര്‍ദിച്ചു, ആരാധന തടസപ്പെടുത്തി
ബീഹാറിലെ ജമൂവി ജില്ലയില്‍ സുവിശേഷ പ്രവർത്തകനും മലയാളിയുമായി പാസ്റ്റർ സണ്ണി സി പിക്കു നേരേ സുവിശേഷ വിരോധികളുടെ ആക്രമണം.
മാർച്ച് മൂന്നിന് സിക്കൻന്ധ്ര ഗ്രാമത്തില്‍ ആരാധന നടന്നു കൊണ്ടിരിക്കുബോള്‍ ‘ജയ് ശ്രീറാം’ എന്ന് വിളിച്ചു കൊണ്ട് ഒരുകൂട്ടം ആളുകള്‍ എത്തി ആരാധന തടസ്സപ്പെടുത്തുകയായിരുന്നു. തുടർന്ന് പാസ്റ്റർ സണ്ണിയെയും കൂടെയുള്ള വിശ്വാസിയായ യുവാവിനെയും സംഘം ചേർന്നെത്തിയ ആളുകള്‍ മർദ്ദിക്കുകയും തെരുവിലൂടെ വലിച്ചിഴക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
തലയ്ക്കും പുറത്തുമൊക്കെ ഒന്നിലധികം പേർ ചേർന്ന് ചവിട്ടുകയും അടിക്കുകയും ചെയ്യുന്നതെല്ലാം ദൃശ്യങ്ങളില്‍ നിന്നും വ്യക്തം. അക്രമികള്‍ കൊന്നുകളയുമെന്ന് ആക്രോശിച്ച് വഴിയിലൂടെ നടത്തികൊണ്ടു പോകുന്നതിനിടെയാണ് പോലീസ് സ്ഥലത്തെത്തി പാസ്റ്ററെയും കൂടെയുണ്ടായിരുന്ന യുവാവിനെയും രക്ഷപ്പെടുത്തുന്നത്.
പാസ്റ്റർ സണ്ണി 29 വർഷമായി വടക്കേ ഇന്ത്യയില്‍ മിഷണറിയാണ്. ഐപിസി വൈക്കം സെന്റർ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ എം എം പീറ്ററിന്റെ മകനാണ്.
