[ad_1]
പ്രൊഫഷണൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ അഴിച്ചുപണിയെ ചൊല്ലി കോൺഗ്രസിനുള്ളിൽ അതൃപ്തി. സംഘടനയുടെ സ്ഥാപക അധ്യക്ഷൻ കൂടിയായ ശശി തരൂരുമായി ആലോചിക്കാതെയാണ് അദ്ദേഹത്തെ മാറ്റിയതെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് ഡേറ്റ വിഭാഗം മേധാവി കൂടിയായ പ്രവീൺ ചക്രവർത്തിയെ പ്രൊഫഷണൽ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിയമിച്ചത്.
നടപടിയിൽ അതൃപ്തി ശക്തമാകുന്നതിനിടെ സംഘടനയുടെ വൈസ് പ്രസിഡന്റും എഴുത്തുകാരനുമായ ആനന്ദ് ശ്രീനിവാസൻ രാജിവച്ചു. വിവാദത്തെ കുറിച്ച് പരസ്യ പ്രതികരണത്തിന് തയാറായില്ലെങ്കിലും സംഘടനയുടെ രൂപീകരണത്തിൽ ഉൾപ്പെടെ നിർണായക പങ്ക് വഹിച്ച രാഹുൽ ഗാന്ധിക്ക് നന്ദി രേഖപ്പെടുത്തി ശശി തരൂർ സോഷ്യൽ മീഡിയയിൽ കുറിപ്പെഴുതി.
അഞ്ചുവർഷത്തിനുശേഷം പുതിയ ടീം രൂപീകരിക്കണമെന്ന നിർദേശം 2017ൽ സംഘടന നിലവിൽ വന്ന ഘട്ടത്തിൽ തന്നെ ഉയർന്നിരുന്നു. എന്നാൽ കോവിഡ് അടക്കമുള്ള കാരണങ്ങളാൽ ഇതു നീണ്ടുപോയി. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഘട്ടത്തിൽ പദവിയിൽ നിന്നു മാറാൻ തരൂർ സന്നദ്ധത അറിയിച്ച് രാജിക്കത്തും നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിനുശേഷം തരൂർ തുടരട്ടെയെന്നായിരുന്നു ഖാർഗെയുടെയും നിലപാട്.
പുതിയ അധ്യക്ഷൻ പ്രൊഫഷണൽ കോൺഗ്രസിൽ നിന്നുതന്നെ വരണമെന്ന നിലപാടാണ് തരൂര് അറിയിച്ചതെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. എന്നാൽ ഡേറ്റാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന പ്രവീൺ ചക്രവർത്തിയെ നേതൃത്വം നിർദേശിക്കുകയായിരുന്നു.
ഡേറ്റ കാര്യങ്ങളിൽ സുനിൽ കനഗോലു എത്തിയതോടെ പ്രവീൺ ചക്രവർത്തിക്ക് പദവി ഇല്ലാതായിരുന്നു. നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പുതന്നെ തീരുമാനം പുറത്തുപോയതിലും തരൂരിനെ അനുകൂലിക്കുന്നവർക്ക് അതൃപ്തിയുണ്ട്.
[ad_2]
