ചേർത്തലയില്‍ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യബസ് ഡ്രൈവർ പിടിയില്‍. മാരാരിക്കുളം സ്വദേശി ജപ്പാൻ എന്ന് വിളിക്കുന്ന അലക്സാണ് അറസ്റ്റില്‍ ആയത്.
ഈ ഡ്രൈവറെക്കുറിച്ച് യാത്രക്കാർ നിരന്തരം പരാതി ഉന്നയിച്ചിരുന്നു. പരാതിയെ തുടർന്നാണ് എക്സൈസ് ഇയാളെ നിരീക്ഷിക്കാൻ തുടങ്ങിയത്. ഇന്ന് ചേർത്തലയിലെ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് ഇയാള്‍ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെയാണ് എക്സൈസിന്റെ പിടിയിലായത്.
ഇയാള്‍ സ്ഥിരമായി കഞ്ചാവ് ബീഡി വലിക്കുന്നയാളാണ് എന്നാണ് എക്സൈസ് കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ പക്കല്‍ നിന്ന് 8 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചത്, മറ്റാർക്കെങ്കിലും വിതരണം ചെയ്യുന്നുണ്ടോ, പ്രൈവറ്റ് ബസ് ഡ്രൈവർമാർക്ക് ഇതില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്ന കാര്യങ്ങളുള്‍പ്പെടെ എക്സൈസ് പരിശോധിക്കുന്നുണ്ട്. ഇയാളെ എക്സൈസ് കൂടുതല്‍ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.
