Real Time Kerala
Kerala Breaking News

ഒമാനില്‍നിന്ന് MDMAയുമായി മുംബൈയിലിറങ്ങി, ശേഷം ട്രെയിനില്‍ തിരൂരില്‍: മൂന്നംഗ സംഘം പിടിയില്‍

ഒമാനില്‍ നിന്ന് മയക്കുമരുന്നുമായി മുംബൈയിലെത്തി, അവിടെ നിന്ന് ട്രെയിൻ മാർഗം തിരൂരിലെത്തിയ യുവാവും കൂട്ടാളികളും അറസ്റ്റിലായി.

 

ഒമാനില്‍ നിന്നും കേരളത്തിലേക്ക് വില്‍പ്പനയ്ക്കായി എത്തിച്ച 141.58 ഗ്രാം എം.ഡി.എം.എയുമായിട്ടാണ് മൂന്നു പേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.

 

ആനമങ്ങാട് സ്വദേശി പുല്ലാണിക്കല്‍ ഹൈദരലി(29) വേങ്ങര സ്വദേശി കുന്നത്ത് അസൈനാർ(37) കണ്ണമംഗലം സ്വദേശി പാറക്കൻ മുഹമ്മദ് കബീർ(33) എന്നിവരാണ് വ്യാഴാഴ്ച വൈകിട്ട് തിരൂർ റെയില്‍വേ സ്റ്റേഷൻ പരിസരത്ത് വെച്ച്‌ പോലീസിന്റെ പിടിയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിരൂർ പോലീസും തിരൂർ, പെരിന്തല്‍മണ്ണ ഡാൻസാഫ് അംഗങ്ങളും ചേർന്ന് നഗരത്തില്‍ ഉടനീളം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ മയക്കുമരുന്നുമായി പിടിയിലായത്.

 

ഹൈദരലി ദിവസങ്ങള്‍ക്കു മുൻപ് വിസിറ്റിംഗിനായി ഒമാനില്‍ പോയതായിരുന്നു. മൂന്ന് ദിവസം മുമ്ബ് മുംബൈയിലെത്തി മറ്റു രണ്ടുപേരെയും കൂട്ടി അവിടെ നിന്നും ട്രെയിൻ വഴിയാണ് തിരൂരില്‍ എത്തിയത്.

 

റെയില്‍വേ സ്റ്റേഷൻ സമീപത്തെ പാർക്കിംഗ് ഗ്രൗണ്ടില്‍ വെച്ച്‌ മയക്കുമരുന്നുമായി കടന്നു കളയാൻ ശ്രമിക്കവെയാണ് പോലീസിന്റെ വലയിലായത്. ഒമാനില്‍ വെച്ച്‌ പാകിസ്താൻ സ്വദേശിയാ വില്‍പ്പനക്കാരനില്‍ നിന്നുമാണ് മയക്കുമരുന്ന് വാങ്ങിയതെന്നും 360 റിയാല്‍ നല്‍കിയതായും പിടിയിലായ ഹൈദരലി പോലീസിനോട് പറഞ്ഞു.

 

കേരള വിപണിയില്‍ 5 ലക്ഷത്തോളം രൂപയ്ക്ക് വില്‍ക്കാനാണ് തയ്യാറെടുത്തിരുന്നത്. ഒമാനില്‍ നിന്നും ലഭിക്കുന്ന എംഡിഎംഎ ഏറ്റവും വീര്യം കൂടിയ ഇനമാണെന്നും ഇതിന് ഡിമാൻഡ് കൂടുതലാണെന്നുമാണ് പിടികൂടിയ പ്രതികള്‍ പറയുന്നത്.

 

തിരൂർ ഡി.വൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ ഇൻസ്പെക്ടർ കെ.ജെ.ജിനേഷ് , എസ്.ഐആർ.പി. സുജിത്ത്, സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ അരുണ്‍, കെ.ആർ.രാജേഷ് , ബിനു,ധനീഷ് കുമാർ, വിവേക്, സതീഷ് കുമാർ, ദില്‍ജിത്, സുജിത്, ജവഹർ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.

Post ad 1
You might also like