[ad_1]
ആലുവ: വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മധ്യവയസ്കൻ പൊലീസ് പിടിയിൽ. കന്യാകുമാരി വേദനഗർ ഇരുളപ്പപുരം ബാവാ കാസിമി(49)നെയാണ് അറസ്റ്റ് ചെയ്തത്. റൂറൽ ജില്ല സൈബർ ക്രൈം പൊലീസ് ആണ് അറസ്റ്റ് ചെയതത്.
അങ്കമാലി സ്വദേശി ഫെമി, പാലിശേരി സ്വദേശി അഞ്ജു, കൊരട്ടി സ്വദേശി റോഷി ആൻഡ്രോസ്, കോട്ടയം സ്വദേശി രതീഷ് കുമാർ എന്നിവരിൽ നിന്ന് മലേഷ്യയിലേയ്ക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം രൂപ വീതം തട്ടിയെടുക്കുകയായിരുന്നു.
ചെങ്ങന്നൂരിലെ ഒരു ഉഴിച്ചിൽ കേന്ദ്രത്തിൽ ചികിത്സയ്ക്ക് വന്നപ്പോളാണ് ബാവാ കാസിം രതീഷ് കുമാറിനെ പരിചയപ്പെട്ടത്. ഉത്തർപ്രദേശിൽ എസ്.എസ് ട്രാവൽസ് എന്ന സ്ഥാപനം നടത്തുകയാണെന്നും, ഉയർന്ന ശമ്പളമുള്ള പാക്കിങ് ജോലി ശരിയാക്കിത്തരാമെന്നും വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതു പ്രകാരം രതീഷ് കുമാറും സുഹൃത്തുക്കളും പല ഘട്ടങ്ങളിലായി രണ്ട് ലക്ഷം വീതം എട്ട് ലക്ഷം രൂപ ഇയാൾക്ക് കൈമാറി. ഇവരെ തിരുവനന്തപുരത്ത് മെഡിക്കൽ പരിശോധനയ്ക്കും കൊണ്ടുപോയിരുന്നു.
തുടർന്ന്, സിംഗിൾ എൻട്രി വിസ എന്ന പേരിൽ വിസ പോലെ ഒരു പേപ്പർ വാട്സ് ആപ്പ് വഴി ഉദ്യോഗാർഥികൾക്ക് ബാവാ കാസിം അയച്ചു കൊടുത്തു. തട്ടിപ്പാണെന്ന് മനസിലായതിനെ തുടർന്ന് ഫെമി പൊലീസിൽ പരാതി നൽകുകയും സൈബർ പൊലീസ് കേസെടുക്കുകയുമായിരുന്നു. അന്വേഷണത്തിൽ ഇയാൾ പറഞ്ഞ ട്രാവൽസ് ഇല്ലെന്ന് കണ്ടെത്തി.
ബാവാ കാസിമിന്‍റെ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും, തട്ടിപ്പുസംഘത്തിൽ ഇയാളെക്കൂടാതെ ആളുകളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. നാഗർകോവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
എസ്.പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.ബി. ലത്തീഫ് സബ് ഇൻസ്പെക്ടർമാരായ പി.ജി. അനൂപ്, എം.ജെ.ഷാജി, എ.ബി. റഷീദ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിറാസ് അമീൻ, ലിജോ ജോസ്, പ്രിൻസ് സെബാസ്റ്റ്യൻ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
[ad_2]
