[ad_1]

കൊച്ചി: കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട തുക ലഭിച്ചുകഴിഞ്ഞെന്ന വി.മുരളീധരന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് മുരളീധരന്‍ പറയുന്നതെന്ന് മന്ത്രി പറഞ്ഞു.
‘സംസ്ഥാനത്തിന് കിട്ടേണ്ട തുക ലഭിച്ചിട്ടില്ലെന്ന് നേരത്തേ തന്നെ കേന്ദ്രത്തെ അറിയിച്ചതാണ്. ഒരാഴ്ച മുമ്പ് തങ്ങള്‍ കേന്ദ്ര ധനമന്ത്രിയെ കണ്ടശേഷം 600 കോടി രൂപ കേരളത്തിന് അനുവദിച്ചിരുന്നു. 80 വയസിന് താഴെയുള്ളവര്‍ക്ക് 200 രൂപയും 80 വയസിന് മുകളിലുള്ളവര്‍ക്ക് 300 രൂപയുമാണ് കേന്ദ്രം സാമൂഹിക ക്ഷേമ പെന്‍ഷനായി നല്‍കുന്നത്. ഇത്തരത്തില്‍ തരാനുള്ള 6000 കോടിയിലാണ് കേന്ദ്രം 600 കോടി നല്‍കിയത്’.
2020 മുതല്‍ സംസ്ഥാനത്ത് വിതരണം ചെയ്ത് കഴിഞ്ഞ സാമൂഹിക പെന്‍ഷന്റെ തുകയാണ് ഇതെന്നും മന്ത്രി വിശദീകരിച്ചു. റേഷന്‍ വിതരണത്തിന്റെയും നെല്ല് സംഭരിച്ച വകയിലും 1000-ത്തില്‍ അധികം കോടി ലഭിക്കാനുണ്ടായിരുന്നു. ഇതില്‍ 200 കോടി രൂപയും ലഭിച്ചെന്നും മന്ത്രി പറഞ്ഞു.
‘ചില വ്യവസ്ഥകള്‍ വച്ച് കേന്ദ്രം ഇപ്പോഴും സംസ്ഥാനത്തിന് പണം തരാതിരിക്കുകയാണ്. വിഴിഞ്ഞം പദ്ധതിയില്‍ ഉള്‍പ്പെട്ട കാപെക്സ് ഫണ്ട് കേന്ദ്രം മുടക്കുകയാണ്. യുജിസി ഫണ്ടിനും കേന്ദ്രം തടസം നില്‍ക്കുകയാണ്’, മന്ത്രി വിമര്‍ശിച്ചു.
അനാവശ്യ നിയന്ത്രണങ്ങള്‍ കേരളത്തിനുള്ള ആനുകൂല്യങ്ങളെ ബാധിക്കും. കേരളവും കേന്ദ്രവും തമ്മില്‍ അടിമ- ഉടമ ബന്ധമല്ലെന്ന് ഓര്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
[ad_2]
