[ad_1]
സ്വർഗം പോലെ മനോഹരമായൊരു ഗ്രാമമുണ്ട് അങ്ങ് മണിപ്പൂരിൽ. തടാകങ്ങളും ഓല മേഞ്ഞ മേൽക്കൂരകളുള്ള വീടുകളുമെല്ലാമായി മനോഹരമായ ഒരു താഴ്വര. ആൻഡ്രോ (Andro) എന്നാണ് ഈ ഗ്രാമത്തിന്റെ പേര്. എന്നാൽ ഇന്ന് ഈ ഗ്രാമം ശ്രദ്ധയാകർഷിക്കുന്നത് മറ്റൊരു കാരണം കൊണ്ടു കൂടിയാണ്. എഎംഎംഎ എഫ്സി ആൻഡ്രോ (AMMA FC in Andro) എന്ന പേരിൽ ഇവിടെ ഒരു വനിതാ ഫുട്ബോൾ ക്ലബ്ലുണ്ട്. ഇതിനെ ആസ്പദമാക്കി ഒരു ഡോക്യുമെന്ററിയും തയ്യാറായിക്കഴിഞ്ഞു. ഇത്തവണത്തെ ഗോവൻ ചലച്ചിത്രമേളയിൽ നോൺ-ഫീച്ചർ വിഭാഗത്തിൽ ഈ ഡോക്യുമെന്ററി പ്രദർശിപ്പിക്കും.
മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് ആൻഡ്രോ ഗ്രാമം. വംശീയ അക്രമങ്ങളിൽ നിന്ന് പെട്ടുഴലുന്ന ഈ വടക്കുകിഴക്കൻ സംസ്ഥാനത്തിലെ കായിക മേഖലക്ക് ഉത്തേജനമാകുകയാണ് ഈ ഫുട്ബോൾ ക്ലബ്ബ്. “മാന്യമായി കളിക്കണം, അപ്പോൾ മാത്രമേ നിങ്ങൾ നല്ല നിലയിലെത്തൂ”, ക്ലബ്ബിന്റെ സ്ഥാപകയായ 70 കാരിയായ ലൈബി ദേവി പറയുന്നു. “എതിരാളികൾ നിങ്ങളെ ആക്രമിക്കുമ്പോൾ പോലും, നിലവിളിക്കുകയോ അവരോട് വഴക്കിടുകയോ ചെയ്യരുത്”, ലൈബി ദേവി കൂട്ടിച്ചേർത്തു.
Also read: ‘ഇത്ര വലിയ മേളയിൽ പോയി വരുമ്പോൾ ആരെങ്കിലും വന്ന് സ്വീകരിക്കണ്ടേ?’ ഇന്ദ്രൻസ് വെളുപ്പാൻകാലത്ത് എയർപോർട്ടിൽ
യാഥാസ്ഥിതികതയും പുരുഷാധിപത്യവും വാഴുന്ന ഈ ഗ്രാമത്തിൽ നടപ്പുശീലങ്ങളെയാകെ മാറ്റിമറിച്ചു കൊണ്ടാണ് ലൈബി ദേവിയും കൂട്ടരും പന്തുരുട്ടുന്നത്. ഈ ക്ലബിനെയും അതിന്റെ സ്ഥാപക ലൈബി ദേവിയെയും കുറിച്ചു മനസിലാക്കിയ മണിപ്പൂരി ചലച്ചിത്രകാരി മീന ലോംഗ്ജാം അത് ഡോക്യുമെന്ററിയാക്കാൻ തീരുമാനിക്കുകയായിരുന്നു. റിട്ടയേർഡ് പ്രൈമറി സ്കൂൾ അധ്യാപിക കൂടിയായ ലൈബി ദേവി ആൻഡ്രോയിൽ തന്റെ ഇളയ സഹോദരിയോടൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്. 1999 ലാണ് ഇവർ എഎംഎംഎ എഫ്സി ആൻഡ്രോ ക്ലബ്ബ് സ്ഥാപിച്ചത്.
ഈ വർഷം ആദ്യം ഡോക്യുമെന്ററിയുടെ ഷൂട്ടിങ്ങ് പൂർത്തായായി. ആൻഡ്രോ ഡ്രീംസ് (Andro Dreams) എന്നാണ് ഈ ഫീച്ചർ ലെങ്ത് ഡോക്യുമെന്ററിയുടെ പേര്. നവംബർ 20-ന് ഗോവയിൽ ആരംഭിക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) യിൽ നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ ആൻഡ്രോ ഡ്രീംസ് പ്രദർശിപ്പിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
“ഞാൻ ഈ ചെറിയ സ്ത്രീയെ ആദ്യം കണ്ടുമുട്ടിയപ്പോൾ, അക്ഷരാർത്ഥത്തിൽ അമ്പരപ്പാണ് തോന്നിയത്. അവർ ഒരു ഫുട്ബോൾ ക്ലബ്ബിന്റെ പ്രസിഡന്റാണെന്ന് എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല,”ലൈബി ദേവിയെ കുറിച്ച് മീന ലോംഗ്ജാം പറയുന്നു. “അവരുടെ ജീവിതവും ദൗത്യവും ഏറെ പ്രചോദനാത്മകമാണ്”, മീന കൂട്ടിച്ചേർത്തു.
93 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയിൽ, ഒരു ഗ്രാമത്തിലെ പെൺകുട്ടികളെ ഒന്നിപ്പിച്ച് ഫുട്ബോൾ ക്ലബ്ബ് സ്ഥാപിക്കാൻ മുന്നിട്ടിറങ്ങി, അതിൽ വിജയം കണ്ട ലൈബി ദേവിയുടെ ശ്രമങ്ങളെക്കുറിച്ചാണ് പ്രധാനമായും പറയുന്നത്. വിദ്യാഭ്യാസം, കായികം, സംസ്കാരം എന്നീ മേഖലകളിൽ ഈ വനിത പുതിയൊരു മാറ്റത്തിന് തുടക്കം കുറിച്ചെന്നും ഡോക്യുമെന്ററിയുടെ അണിയറ പ്രവർത്തകർ പറയുന്നു.
[ad_2]
