[ad_1]

ആഗോളതലത്തിൽ വീണ്ടും മികവിന്റെ പാതയിലേറി ഇന്ത്യൻ വ്യോമയാന മേഖല. ടൂറിസം, വ്യവസായം തുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടത്തിന് ആനുപാതികമായാണ് വ്യോമയാന രംഗവും മികച്ച വളർച്ച നേടിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നടപ്പ് സാമ്പത്തിക വർഷം ആദ്യത്തെ പത്ത് മാസങ്ങളിൽ വിമാന യാത്രക്കാരുടെ എണ്ണം 27 ശതമാനമാണ് വർദ്ധിച്ചത്. ഇന്ത്യൻ സാമ്പത്തിക മേഖലയിലെ മികച്ച ഉണർവും, വിദേശ ബിസിനസിലും, വിദ്യാഭ്യാസത്തിലും ഉണ്ടാകുന്ന വർദ്ധനവിന്റെ കരുത്തും ഇന്ത്യൻ വിമാന കമ്പനികൾക്ക് വലിയ നേട്ടം കൈവരിക്കാൻ സഹായകമായിട്ടുണ്ട്.
ആഗോള വ്യോമയാന ഗവേഷണ സ്ഥാപനങ്ങളുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, രാജ്യാന്തര വിമാന സർവീസുകളിൽ ഗണ്യമായ വളർച്ചയാണ് ഇന്ത്യ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ലോകത്തിലെ തന്നെ മികച്ച വളർച്ച നേടിയ 10 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം നേടി. കോവിഡ് കാലയളവിന് മുൻപുള്ള നിലയിലേക്ക് വ്യോമയാന മേഖലയ്ക്ക് എത്താൻ സാധിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.
ഈ വർഷം സെപ്റ്റംബറിന് ശേഷം വിമാന യാത്രക്കാരുടെ എണ്ണം തുടർച്ചയായി ഉയരുകയാണ്. കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷമായി വൻ പ്രതിസന്ധിയിലൂടെ നീങ്ങിയിരുന്ന രാജ്യത്തെ പ്രമുഖ വിമാനക്കമ്പനികളായ സ്പൈസ് ജെറ്റ്, ഇൻഡിഗോ, എയർ ഇന്ത്യ എന്നിവ തിരിച്ചുവരവിന്റെ പാതയിലാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കു മുൻപ് പൊതുമേഖല എണ്ണ കമ്പനികൾ ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെ വില ഏകദേശം 4 ശതമാനത്തോളം കുറച്ചിരുന്നു. ഇത് വിമാനക്കമ്പനികൾക്ക് വലിയ ആശ്വാസമാണ് നൽകിയത്.
[ad_2]
