[ad_1]
കേരളത്തിൽ തണുത്ത കാലാവസ്ഥയിൽ വളരുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും കൃഷിക്ക് പേരുകേട്ട ഇടമാണ് ഇടുക്കി കാന്തല്ലൂർ. തണുത്ത കശ്മീരിലെ പോലെ കുങ്കുമപ്പൂ കൃഷിയുടെ കേന്ദ്രമാകാൻ ഒരുങ്ങുകയാണ് കാന്തല്ലൂർ. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസേർച്ചിന്റെ (ICAR) ന്റെ നേതൃത്വത്തിൽ കൃഷി വിജ്ഞാന കേന്ദ്രം (KVK) കാന്തല്ലൂർ, വട്ടവട, വാഗമൺ എന്നിവിടങ്ങളിൽ ഒരു പദ്ധതി നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പെരുമലയിലെ തന്റെ 25 സെന്റ് സ്ഥലത്ത് കുങ്കുമപ്പൂ കൃഷി ചെയ്ത് വിജയിപ്പിച്ചിരിക്കുകയാണ് രാമമൂർത്തി എന്ന കർഷകൻ.
”ഒരു പരീക്ഷണം എന്ന നിലയ്ക്ക് കെവികെ പദ്ധതിയുടെ ഭാഗമായി കുങ്കുമപ്പൂ കൃഷി ചെയ്യാൻ 2022 ലാണ് ആവശ്യപ്പെട്ടത്. ഞാനും ചില സുഹൃത്തുക്കളും താൽപ്പര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കെവികെയിൽ നിന്നും വിത്ത് കിട്ടി. അങ്ങനെ കൃഷി ആരംഭിച്ചു” രാമമൂർത്തി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. താൽപ്പര്യം അറിയിച്ചപ്പോൾ സസ്യ സംരക്ഷണ വിദഗ്ദൻ ആയ സുധാകർ സൗന്ദരരാജന്റെ നേതൃത്വത്തിൽ കാശ്മീരിൽ നിന്നും ശേഖരിച്ച കുങ്കുമ വിത്തുകൾ അവർക്ക് കിട്ടി. തുടർന്ന് വിത്ത് പാകി. ചെടികൾ കിളിത്തു. പൂ വിരിഞ്ഞു. പക്ഷെ മഴ ചതിച്ചു. പകുതിയോളം ചെടികളും നശിച്ചു പോയി. കാലാവസ്ഥാ വ്യതിയാനം കൃഷിയെ നല്ല രീതിയിൽ ബാധിച്ചതിനാൽ തന്റെ മാത്രമല്ല മറ്റ് കർഷകരുടെ ചെടികളും നശിച്ചു പോയെന്ന് രാമമൂർത്തി പറഞ്ഞു.
Also read-ഇ കോമിനും ഇൻസ്റ്റ ഇഎംഐ കാർഡിനും വിലക്ക്; ബജാജ് ഫിനാൻസിന്റെ ഡിജിറ്റൽ വായ്പകൾക്ക് തടയിട്ട് RBI
പക്ഷെ രാമമൂർത്തി തോൽക്കാൻ തയ്യാറായിരുന്നില്ല. അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം കെവികെ അധികൃതർ സെപ്റ്റംബറിൽ കാശ്മീരിൽ നിന്നും കുങ്കുമപ്പൂവിന്റെ കൂടുതൽ വിത്തുകൾ എത്തിച്ചു. അതു വരെ ഏതാണ്ട് ഒരു വർഷം രാമമൂർത്തി തന്റെ സ്ഥലം കൃഷി ചെയ്യാതെ ഇട്ടു. ഇത്തവണ തുറസ്സായ 12 സെന്റിലും ബാക്കി പോളിത്തീൻ ഷീറ്റ് കൊണ്ട് അടച്ച പോളി ഹൗസിലുമായാണ് കൃഷി ചെയ്തത്. തുറസ്സായ സ്ഥലത്ത് കൃഷി ചെയ്ത കുങ്കുമപ്പൂവ് 50 ദിവസത്തിന് ശേഷം പൂത്തു. പോളി ഹൗസിലെ ചെടികൾ കൂടി പൂത്താൽ മാത്രമേ ആകെ വിളവ് എത്രയെന്നു പറയാൻ സാധിക്കൂ എന്നും മൂർത്തി പറഞ്ഞു. കെവികെ അധികൃതർ പറയുന്നതനുസരിച്ച് ഒരു ഏക്കർ കൃഷിയിൽ നിന്നും ഏതാണ്ട് ഒരു കിലോഗ്രാം കുങ്കുമപ്പൂ ഉത്പാദിപ്പിക്കാൻ കഴിയും.
” ഏകദേശം മൂന്ന് ലക്ഷമാണ് ഒരു കിലോഗ്രാം കുങ്കുമപ്പൂവിന്റെ വിപണിവില. പരീക്ഷണാടിസ്ഥാനത്തിലെ കൃഷി ആയതുകൊണ്ട് വിൽപന കഴിഞ്ഞു മാത്രമേ ലാഭം അറിയാൻ പറ്റൂ. മറ്റ് വിളകളെ അപേക്ഷിച്ച് കുങ്കുമ ചെടികൾക്ക് സൂക്ഷ്മ പരിചരണം വേണം.അതുപോലെ തന്നെ പൂവായാൽ ഉടൻ തന്നെ അത് പറിച്ച് ഉണക്കി സൂക്ഷിക്കുകയും വേണം. ഉണക്കിയെടുക്കാൻ ഒരാഴ്ച സമയം വേണം,” രാമമൂർത്തി പറയുന്നു. കാന്തല്ലൂരിലെ ഏറ്റവും ഉയർന്ന പ്രദേശമാണ് പെരുമല.അതിനാൽ കുങ്കുമപ്പൂ കൃഷിക്ക് അനുയോജ്യമാണ്. സമുദ്ര നിരപ്പിൽ നിന്നും 5000 അടിയാണ് ഉയരം.ആലിപ്പഴം വീഴുന്നതിന് പ്രശസ്തം, കൃഷി ലാഭകരമായാൽ കൂടുതൽ കർഷകർ കുങ്കുമപ്പൂ കൃഷി ആരംഭിക്കുമെന്നും രാമമൂർത്തി പ്രതീക്ഷിക്കുന്നു.
[ad_2]
