[ad_1]
ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് അഭിഭാഷകനെ കൊന്ന കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. അഭിഭാഷകൻ അമിത് കേശവമൂർത്തിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേഷിനാണ് ബാംഗ്ലൂർ സിറ്റി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഭാര്യയിലുള്ള സംശയം, ഭാര്യയുടെ അനുമതിയില്ലാതെ കാറിൽ ജിപിഎസ് ഘടിപ്പിച്ചത്, ജീവനൊടുക്കും മുമ്പ് ഭാര്യ നൽകിയ മരണ മൊഴി, കോടതി മുമ്പാകെയുള്ള പ്രതിയുടെ കുറ്റസമ്മതം എന്നിവയുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
38കാരനായ രാജേഷ് ബിസ്സിനസുകാരനാണ്. ഭാര്യ ശ്രുതി പഞ്ചായത്ത് ഡെവലപ്പ്മെന്റ് ഓഫീസറായിരുന്നു. 2017ൽ സോളദേവനഹള്ളി സ്റ്റേഷൻ പരിധിയിൽ വച്ചാണ് രാജേഷ് അമിതിനെതിരെ വെടിയുതിർത്തത്. ശ്രുതി അമിതിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ എത്തും മുമ്പേ കാറിൽ വച്ചു തന്നെ അമിത് മരിച്ചിരുന്നു. അമിതിന്റെ മരണത്തിൽ മനംനൊന്ത് ശ്രുതി ജീവനൊടുക്കുകയായിരുന്നു.
ആത്മഹത്യക്ക് മുൻപ് ശ്രുതി തന്റെ ബന്ധുവായ ശ്വേതയെ വിളിച്ച്, താൻ കാരണം നിരപരാധിയായ അമിതിന്റെ ജീവൻ നഷ്ടപ്പെട്ടുവെന്നും ഇനി തനിക്ക് ജീവിച്ചിരിക്കേണ്ട എന്നും തന്റെ മക്കളെ സംരക്ഷിക്കണം എന്നും പറഞ്ഞിരുന്നു. ഇതിനെ മരണമൊഴിയായി കണക്കാക്കിയാണ് കോടതി വിധി.
“ഇവിടെ ഇര ദൃക്സാക്ഷിയാണ്, അവരുടെ മൊഴി അവഗണിക്കുന്നത് അവർക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണ്,
അവർ നുണ പറയില്ല എന്ന് അവരെ പരിചയമുള്ളവരിൽ നിന്നും വ്യക്തമായാൽ അവരുടെ മൊഴി വിശ്വാസയോഗ്യമാണ് ” – ബാംഗ്ലൂർ റൂറൽ ജില്ലയിലെ ആദ്യ അഡീഷണൽ സെഷൻസ് ജഡ്ജി ഹോസാമണി പുൻദലിക് പറഞ്ഞു.
അമിത്തും ശ്രുതിയും ആചാര്യ കോളേജിന് സമീപം ഒരു സ്വിഫ്റ്റ് കാറിൽ ഇരിക്കുന്നത് കണ്ടെന്നും താൻ അമിതിനെ വെടി വച്ചു എന്നും രാജേഷ് ശ്രുതിയുടെ അച്ഛനെ സംഭവ ദിവസം ഉച്ചയ്ക്ക് 2.55 ന് ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു. ഈ കുറ്റ സമ്മതം തെളിവ് നിയമം അനുസരിച്ച് സെക്ഷൻ 6ൽ ഉൾപ്പെടുത്താവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
ഐ പി സി സെക്ഷൻ 302 പ്രകാരം പ്രതിയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കൂടാതെ ആയുധ നിയമത്തിലെ സെക്ഷൻ 30 അനുസരിച്ച് നാല് മാസത്തെ തടവും 2000 രൂപ പിഴയും കോടതി വിധിച്ചു. ശിക്ഷ ഒരേ സമയം നടപ്പാക്കുമെന്നും കോടതി വ്യക്തമാക്കി. 2017 ജനുവരി 14 മുതൽ രാജേഷ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
[ad_2]
