ഓഫീസിന് അനുയോജ്യം കൊച്ചിയും തിരുവനന്തപുരവും; അതിവേഗം വളരുന്ന റിയൽ എസ്റ്റേറ്റ് വിപണികളെന്ന് റിപ്പോർട്ട്
[ad_1]
ഓഫീസുകൾ ആരംഭിക്കാൻ ഏറ്റവും അനുയോജ്യംകൊച്ചിയും തിരുവനന്തപുരവുമെന്ന് റിപ്പോർട്ട്. കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സിന്റെ റിപ്പോർട്ട് അനുസരിച്ച് 14 മില്യൺ സ്ക്വയർ ഫീറ്റ് സ്ഥലം കൊച്ചിയിലും തിരുവനന്തപുരത്തും ഓഫീസുകൾക്ക് അനുയോജ്യമാണ്. കൊച്ചിയും തിരുവനന്തപുരവും വളരുന്ന റിയൽ എസ്റ്റേറ്റ് മാർക്കെറ്റുകളുടെ ആദ്യ പത്ത് സ്ഥാനങ്ങളിലും ഇടം പിടിച്ചു. ലിസ്റ്റ് അനുസരിച്ച് രണ്ട് സിറ്റികൾ ലിസ്റ്റിലുള്ള ഒരേ ഒരു സംസ്ഥാനം കേരളമാണ്. അടിസ്ഥാന സൗകര്യ വികസനം, വിമാന യാത്ര സൗകര്യം, മെട്രോ സൗകര്യം, വരുമാനം തുടങ്ങി ഒട്ടനേകം മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് കണക്കെടുപ്പ് നടത്തിയത്.
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് ടയർ 2 വിലുള്ള മാർക്കെറ്റുകളെ ലക്ഷ്യം വക്കുന്നതുകൊണ്ട് കേരളത്തിലെ സൗകര്യങ്ങളും, സാമൂഹിക പരിതസ്ഥിതിയും എല്ലാം തന്നെ ഭാവിയിൽ വലിയ വളർച്ച കൈവരിക്കാനുള്ള മുതൽക്കൂട്ടാണ് എന്നും റിപ്പോർട്ടിൽ പറയുന്നു. ഗവണ്മെന്റിന്റെ അനുകൂല നിലപാടുകളും, കഴിവുറ്റ കേരളീയ സമൂഹവും, അടിസ്ഥാന സൗകര്യവും കേരളത്തെ കോർപ്പറേറ്റ് അനുകൂല സംസ്ഥാനമാക്കുന്നുവെന്നും രാജ്യത്തെ മറ്റ് 8 സിറ്റികളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം ഇക്കാര്യത്തിൽ മുൻപന്തിയിൽ തന്നെ ഉണ്ടെന്നും വെയ്ക്ഫീൽഡ്&ക്യൂഷ്മാന്റെ കേരള – തമിഴ്നാട് മാനേജിങ് ഡയറക്ടർ വി.എസ് ശ്രീധർ പറഞ്ഞു.
Also read-നോർവീജിയയിലെ യുവതലമുറ എങ്ങനെയാണ് ഇത്ര വരുമാനം ഉണ്ടാക്കുന്നത്?
IT/IT-SEZ തുടങ്ങിയ ഐടിപാർക്കുകൾ മുഖാന്തരം അതിവേഗം വളരുന്ന മാർക്കെറ്റുകളായി കൊച്ചിയും തിരുവനന്തപുരവും തൃശ്ശൂരും മാറിക്കഴിഞ്ഞു. കൊച്ചിയും തിരുവനന്തപുരവുമല്ലാതെ റിപ്പോർട്ടിൽ പറയുന്ന മറ്റ് ജില്ലകൾ തൃശ്ശൂരും കോഴിക്കോടും പാലക്കാടുമാണ്. ഈ ജില്ലകളും വലിയ മാറ്റം കൈവരിച്ചുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിന്റെ ദേശീയ ശരാശരി 31 ശതമനമാണെങ്കിൽ കേരളത്തിലെത് 48 ശതമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ അമേരിക്കയിലും, യുകെ യിലും, വെസ്റ്റ് ഏഷ്യയിലുമായി വലിയൊരു കേരള സമൂഹം വലിയ വരുമാനത്തിൽ തൊഴിൽ ചെയ്യുന്നുണ്ട്. അവരുടെ ജീവിത നിലവാരത്തിൽ ഉണ്ടായ ഉയർച്ച കേരളത്തിലേക്ക് നിരവധി ബ്രാന്റുകൾ എത്താനും വലിയ വലിയ ഷോപ്പിങ് മാളുകൾ തുടങ്ങാനും കാരണമായി.
നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട് പ്രകാരം ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് തുടങ്ങിയ വ്യവസായവത്കൃത സംസ്ഥാനങ്ങളെക്കാൾ ജീവിത ചിലവ് കൂടുതലാണ് കേരളത്തിൽ. മെട്രോ റെയിലും, വാട്ടർ മെട്രോയും, മികച്ച റോഡ് സൗകര്യവും, ആധുനിക യാത്ര സംവിധാനങ്ങളും കേരളത്തെ വ്യവസായ സൗഹൃദമാക്കുന്നു. “കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖല വലിയ കുതിപ്പിലാണ്, സാക്ഷരത ഏറ്റവും കൂടിയ സംസ്ഥാനം എന്ന നിലയിൽ കേരളം ഏറ്റവും കൂടുതൽ അവസരങ്ങളുള്ള സംസ്ഥാനമായി മാറുന്നുവെന്ന് CREDAI ചെയർമാൻ നജീബ് സക്കറിയ പറഞ്ഞു.
വെല്ലുവിളികൾ
ഇന്ത്യയുടെ വിസ്തൃതിയുടെ ഒരു ശതമാനം മാത്രമാണ് 38,863 ച കി മീ മാത്രം ഉള്ള കേരളത്തിനുള്ളത്. കൂടാതെ ഉള്ള സ്ഥലത്തിന്റെ 70 ശതമാനത്തോളം കാടും പശ്ചിമ ഘട്ടവും മറ്റ് സംരക്ഷിത പ്രദേശങ്ങളുമാണ്. അതുകൊണ്ട് തന്നെ വികസന പ്രവർത്തനങ്ങൾക്കായി വളരെ കുറച്ച് സ്ഥലം മാത്രേ സംസ്ഥാനത്ത് ലഭിക്കുകയുള്ളൂ. കേരള ലാൻഡ് സീലിംഗ് ആക്ട് പ്രകാരം ഒരു കക്ഷിക്ക് 15 ഏക്കർ സ്ഥലത്തിൽ കൂടുതൽ കൈവശം വയ്ക്കാൻ അവകാശമില്ല എന്നതും ഒരു വെല്ലുവിളിയാണ്. സ്ഥലത്തിന്റെ വിലയുടെ പത്ത് ശതമാനവും സ്ക്വയർ ഫീറ്റ് ന് 100 രൂപ എന്ന നിരക്കിലും ചിലവാക്കിയാലാണ് ഒരു കൃഷി നിലം നിർമ്മാണത്തിന് അനുകൂല സ്ഥലമായി മാറ്റിയെടുക്കാൻ കഴിയുക എന്നതും ആളുകളെ നിർമ്മാണങ്ങളിൽ നിന്നും തടയുന്നു.
Also read- പത്ത് ബില്യൺ ഡോളറിന്റെ സാമ്പത്തിക തട്ടിപ്പ്; ക്രിപ്റ്റോ രാജാവ് സാം ബാങ്ക്മാൻ ഫ്രൈഡിന് സംഭവിച്ചതെന്ത്?
സമഗ്ര വികസനത്തിനായി സംസ്ഥാനത്ത് ഇനിയും സ്ഥലം ആവശ്യമാണ്. ഇത് സാധ്യമാകണമെങ്കിൽ വലിയ റോഡുകളും, മെട്രോകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണെന്നും റിപ്പോർട്ടിലുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ഏറ്റവും കൂടുതലാണ് എന്നതും സ്ഥലം വാങ്ങുന്നതിൽ നിന്നും വ്യവസായങ്ങളെ പിന്തിരിപ്പിക്കുന്നു. ഇത് കുറയ്ക്കാനും സംസ്ഥാന സർക്കാർ മുൻകൈ എടുക്കണം എന്നും റിപ്പോർട്ടിൽ പറയുന്നു.
[ad_2]
